ഇവിടെ, ഇപ്പോള്‍, ഇങ്ങനെ




ഇവിടെ-
കാറ്റ്,
 നനഞ്ഞ തൂവാല പോലെ
ചുരുട്ടിയെറിയുന്നു,
മഴയെ- മുഖത്തേക്ക്.
ഉറക്കം,
ഇഴ പൊട്ടിയ മാറാല പോലെ,
എങ്ങുമെത്താതെ കാറ്റിലാടുന്നു.

കള്ളന്‍
കഥയിലോ,
കനവിലോ,
അതോ , കഥയില്ലായ്മയുടെ കപ്പലിലോ?

ഇപ്പോള്‍
ജനലിനപ്പുറം മഴ കനക്കുന്നു.

അനിശ്ചിതത്വത്തിന്റെ നനഞ്ഞ  ഇരുട്ടില്‍,
 ആകസ്മികതകളുടെ കൊടുവാള്‍ കിലുക്കങ്ങളില്‍
ഉള്ളു കിടുങ്ങുമ്പോള്‍
 മുഖം എവിടെയാണ് ഞാന്‍ ഒളിപ്പിക്കേണ്ടത്?

?




മേഘങ്ങളില്‍ ചെവി ചേര്‍ത്താല്‍
നക്ഷത്രങ്ങള്‍ കടന്നു പോകുന്നത്
കേള്‍ക്കാനാവുമോ?
അറിയില്ല ..

പക്ഷെ,
മണ്ണില്‍ ചെവി ചേര്‍ത്താല്‍
നിന്റെ കാല്‍ പെരുമാറ്റം
കേള്‍ക്കുമെന്നെനിക്കറിയാം.

കടലിന്റെ അഗാധ രഹസ്യങ്ങളെ
കാല്‍ നനച്ചോടുന്ന
തിരയിലറിയുമോ?
കളം മായ്ക്കുന്ന
മന്ത്ര നൃത്തത്തില്‍
കാലത്തിന്റെ ചുവരെഴുത്ത്
വായിക്കാമോ?
അറിഞ്ഞുകൂടാ
പക്ഷെ,
അനാദിയായ പ്രതീക്ഷയുടെ
പീലിയുഴിഞ്ഞു
നിന്നെ പ്രത്യക്ഷനാക്കാന്‍
എനിക്കാവും.

എവിടെ,
എവിടെ
എന്റെ പീലിക്കെട്ട്‌ ?

മറിയം എഴുതിയത്‌ ..




പോക്കറ്റിൽ
നിറയും പുതുമകൾ..

പാതി വെന്തു
നനഞ്ഞു  കുഴഞ്ഞ്‌ ,
പിഴച്ച ചിന്തയുടെ
മുള്ളുടക്കി ...

തെറ്റിദ്ധാരണകളുടെ
ആണിപ്പഴുതുകളിലൂടെ
നൂണ്ടു കടന്ന് ....

ഉപാധികളില്ലാത്ത
സ്നേഹം പൊട്ടിയൊലിച്ച്‌ ....

എഴുതാപ്പുറത്തേയ്ക്ക്‌..
അർത്ഥാന്തരങ്ങളുടെ
മഷി പടരുന്നു...

മറിയത്തിന്റെ
പ്രത്യാശാരഹിതമായ യാത്ര..